പ്രളയം പിൻവാങ്ങുമ്പോൾ

2018 ലെ ആഗസ്റ്റ് കേരളത്തിന്  ഒരിക്കലും മറക്കാനാവാത്ത പ്രളയദുരിതം ഏല്പിക്കുകയുണ്ടായി. അതിൻ്റെ പശ്ചാത്തലത്തിൽ കുറിച്ചിട്ട ചില ചിന്തകളാണ് സഹൃദയ വായനക്കാരുമായി പങ്കുവെയ്ക്കുവാൻ ശ്രമിക്കുന്നത്. പരാജയങ്ങൾ വിജയത്തിന് വഴികാട്ടിയായി മാറുമെന്നതിനാൽ ഭാവിയെ കരുതിയിരിക്കണമെന്ന് പറഞ്ഞുവെയ്ക്കുക മാത്രം.


പ്രളയം പിൻവാങ്ങുമ്പോൾ (ലേഖനം)

     2018 ലെ അസാധാരണ വർഷപാതം കേരളത്തിന്റെ സാമൂഹികജീവിത ക്രമത്തെ നിനച്ചിരിക്കാത്ത വിധം തച്ചുടച്ചുകളഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് മുൻകാലങ്ങളിൽ നാം വേവലാതിപ്പെട്ടത് എത്രമാത്രം ന്യായമായിരുന്നു എന്നതിന് ഉപോൽബലകം. അനുഭവങ്ങളോളം പാഠം പഠിക്കുവാൻ ഉതകുന്ന മറ്റൊന്നും ഇല്ലതന്നെ. ഒരു പ്രാദേശിക ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനമാണ് ഇക്കാര്യം അടിവരയിട്ടുപറയാൻ പ്രേരണയായത്. നാട്ടിൽ പതിവായി കാണാറുള്ള ഏതാനും കുടുംബങ്ങളായിരുന്നു അവിടെ. എല്ലാവരും ശോകമൂകമായി ഇരിക്കുന്നതുകണ്ടപ്പോൾ വിഷമം തോന്നി. സാമ്പത്തിക സ്വാശ്രയത്തിന്റേയും അതിജീവനത്തിന്റേയും മാർഗ്ഗങ്ങൾ എന്ന നിലയ്ക്കാണ് പലരും ദുരന്ത സാധ്യത തൃണവൽഗണിച്ച് കിട്ടിയ ഭൂമിയിൽ വീടും കൃഷിയും ഒരുക്കിയെടുത്തത്. അതിവൃഷ്ടി താൽക്കാലികമായ അസൌകര്യങ്ങൾക്ക് ഇടയാക്കാറുണ്ട്. എന്നാൽ ജീവനും സ്വത്തിനും പാടെ ഭീഷണിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ക്യാമ്പിലെ അംഗമായ ഓമന ഞങ്ങള കണ്ടപാടെ വലിയ സങ്കടത്തോടെയാണ് അടുത്തുവന്നത്. അവരുടെ വീട് താമസിയാതെ വെള്ളം എടുത്തുപോകും എന്നതായിരുന്നു വേവലാതി. പരിസരത്തെ താമസക്കാരൊക്കെ ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും കാണാതിരുന്ന അസ്വസ്ഥതയാണ് ഇവർ പ്രകടിപ്പിച്ചത്.
            ദുരിതബാധ ആരുടേയും സ്വകാര്യപ്രശ്നമായല്ല കേരളജനത കൈകാര്യം ചെയ്തത്. ദുരിതാശ്വാസ ഇടപെടലുകളിൽ മാത്രമായി പ്രശ്നം അവസാനിക്കുകയുമില്ല. എല്ലാവരുടേയും വീടും കൃഷിയും തൊഴിലുപാധികൾ തിരിച്ചുപിടിക്കലും മരണത്തിന് വിധേയരായ സഹോദരങ്ങളുടെ ആശ്രിതർക്ക് സാഹായം എത്തിക്കലും മറ്റുമായി ദൌത്യം തുടർന്നുപോകും. അടിയന്തര സഹായങ്ങൾ എത്തിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ സന്നദ്ധത ഏറെ ആവേശകരമായിരുന്നു. ഒരു ദുരന്ത നിവാരണത്തിന്റെ ഹൃസ്വമായ പ്രവർത്തനങ്ങളിൽ ദൃശ്യമായ ഈ മഹാമനസ്കതയ്ക്കൊപ്പം പാരിസ്ഥിതിക വെല്ലുവിളികൾ കണക്കിലെടുത്തുള്ള സുസ്ഥിര ജീവിത പശ്ചാത്തലം ഒരുക്കുന്നതിനുള്ള ചിന്തയും ശേഷിയും കൂടി നാം സ്വായത്തമാക്കേണ്ടതായുണ്ട്. പാരിസ്ഥിതിക സങ്കല്പങ്ങളോട് കടുത്ത വിമുഖതയും പ്രായോഗിക തലത്തിൽ നിസ്സാരമല്ലാത്ത എതിർപ്പും പുലർത്തിവരുന്ന ജനത എന്ന നിലയ്ക്ക് ഇപ്പോഴത്തെ ഈ പ്രകൃതി പ്രതിഭാസം മുൻകാല സമീപനങ്ങളിൽ ചില തിരുത്തലുകൾക്ക് പ്രേരണയാകുമെന്ന് പ്രതീക്ഷിക്കാം.

ഭൂസ്വഭാവത്തിലെ പ്രതികൂലത എന്തുകൊണ്ട് കണക്കിലെടുക്കുന്നില്ല?
            
           ശരാശരി 2500 മീറ്റർ ഉയരമുള്ള കുന്നുകളിൽ തുടങ്ങി സമുദ്രനിരപ്പിലേക്ക് ഏകദേശം 70 75 കിലോമീറ്റർ മാത്രം ദൂരമുള്ള, കിഴക്ക് പടിഞ്ഞാറ് ചെങ്കുത്തായി കിടക്കുന്ന ഭൂമിയാണ് നമ്മുടേത്. മലനാട് എന്ന് വിശേഷിപ്പിക്കുന്ന 75 മീറ്ററിലധികം ഉയരമുള്ള ഭാഗങ്ങൾ തന്നെ ആകെ ഭൂവിസ്തൃതിയുടെ 48 % വരുന്നതാണ്. കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും ഈ പ്രദേശത്തിന്റെ സുസ്ഥിര നിലനില്പ് കണക്കിലെടുത്തുമാത്രമെ സാധ്യമാകൂ. കിഴുക്കാംതൂക്കായ ഭൂമിയിലെ 300 സെ.മി. ൽ കൂടിയ ശരാശരി വർഷപാതം മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ തുടങ്ങിയ അപകട സാധ്യത കൂടിയ പ്രതിഭാസങ്ങൾക്ക് എളുപ്പത്തിൽ കാരണമാകുന്നു. മഴയുടെ ഘടനയിൽ അടുത്തകാലത്ത് വന്നിട്ടുള്ള മാറ്റം (ശക്തവും നീണ്ടുനിൽക്കുന്നതുമായ മഴ), സാർവ്വത്രികവും വിവേചന രഹിതവുമായ മനുഷ്യ ഇടപെടലുകളുടെ ഫലമായുള്ള വനനാശം എന്നിവ ഇപ്പോഴത്തെ കടുത്ത മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും നിദാനമാണ്. കുന്നിൻപുറങ്ങളിലെ കട്ടികുറഞ്ഞതും സസ്യാവരണം ശുഷ്കമായതും അതിവൃഷ്ടി നിമിത്തം ജലപൂരിതമാകുന്നതും ആയ മണ്ണും ചിതറിയ പാറക്കഷ്ണങ്ങളും അടങ്ങിയ തിട്ടകളുടെ ത്വരിതഗതിയിലുള്ള നിരങ്ങിനീങ്ങലായ ഉരുൾപൊട്ടൽ(Debris flow) ഇവിടെ അപൂർവ്വമല്ല. ഈ കുത്തൊഴുക്കിൽ മാർഗ്ഗ മധ്യേയുള്ള വൃക്ഷങ്ങളും സിവിൽ നിർമ്മിതികളുമെല്ലാം തുടച്ചുനീക്കപ്പെടുകയാണ് പതിവ്. ഉരുൾപൊട്ടലും തൻനിമിത്തമുള്ള ജീവഹാനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കുന്നിൻ പുറങ്ങളിലെ കനം കുറഞ്ഞ മൺപാളികൾക്കുതാഴെ വാസസ്ഥലം കണ്ടെത്തുന്നത് എത്രമാത്രം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഇത്തവണത്തെ അതിവൃഷ്ടി വ്യക്തമാക്കുന്നു. ഭൂകമ്പങ്ങളുടെ സ്വാധീനവും മണ്ണിടിച്ചിലിന് ഹേതുവാണ്. 
2018 ആഗസ്റ്റ് 16 ന് 10 പേരുടെ മരണത്തിനിടയാക്കിയ നെന്മാറയ്ക്കടുത്തുള്ള ആതനാട് കുന്നിലെ ഉരുൾപൊട്ടൽ
     പ്രകൃതിദത്ത വനങ്ങളുടെ സംരക്ഷണവും മനുഷ്യ ഇടപെടലുകളുടെ കർശന നിയന്ത്രണവും അല്ലാതെ ഉരുൾപൊട്ടലിനെ പ്രതിരോധിക്കുവാൻ മറ്റ് പ്രായോഗിക മാർഗ്ഗങ്ങളില്ല. ചെരിവ് കുറഞ്ഞ ഭൂമിയിൽ സസ്യപ്രബലനത്തിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രവർത്തനങ്ങൾ അവലംബിച്ചും കാട്ടുതീ തടഞ്ഞും വനത്തിന്റെ സ്വാഭാവികത ഒരു പരിധിവരെ വീണ്ടെടുക്കാൻ സാധിക്കും. സംരക്ഷണമില്ലാതെ ചുഷണം മാത്രം ലക്ഷ്യമാക്കുന്ന ഇന്നത്തെ  പ്രവണതയിൽ മാറ്റമുണ്ടാവുകയാണ് അതിനുള്ള മുന്നുപാധി.

നെന്മാറയ്ക്കടുത്ത് കണ്ണോട്ട് കുന്നിൽ അനുചര കൂട്ടായ്മയുടെ വനവൽക്കരണ പ്രവർത്തനം
അതിവർഷ സാധ്യതയെ അവഗണിക്കുകയായിരുന്നു.

          ചരിത്രപരമായി പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവ് അതിശക്തമായ മഴ ഏറ്റുവാങ്ങുന്ന ഭാഗമാണ്. 500 സെ.മീ. വരെ വാർഷിക മഴ പെയ്തിറങ്ങിയിട്ടുണ്ട് എന്ന കണക്കുകൾ പ്രാചീനചരിത്ര രേഖകളിൽ കാണപ്പെടുന്നു. എന്നാൽ സമീപകാലത്തെ ശുഷ്കമായ വർഷപാതങ്ങളുടെ അനുഭവങ്ങൾ മാത്രം പരിഗണിച്ച് നീർത്തടങ്ങളും ചാലുകളും അനാവശ്യമെന്ന് കരുതി അവയെ പരിവർത്തനപ്പെടുത്തി നിർമ്മാണങ്ങൾ നടത്തിയത് ദുരന്തസാധ്യത ഉയരാൻ ഇടയാക്കി. കിട്ടാക്കനിയായി മാറിക്കൊണ്ടിരുന്ന ജലം പരമാവധി സംഭരിക്കുക എന്ന നയം പൊതുസംവിധാനങ്ങൾ കൈക്കൊണ്ടത് നിമിത്തം വെള്ളപ്പൊക്ക സമയത്ത് തന്നെ അണക്കെട്ടുകളും തുറന്നുവിടാൻ നിർബന്ധിതമായി. ഫലത്തിൽ അണക്കെട്ടുകൾ ജലവിതരണ സംവിധാനം മാത്രമല്ല വെള്ളപ്പൊക്ക നിയന്ത്രണ ഉപാധികൂടിയാണെന്ന അംഗീകൃത തത്വം ലംഘിക്കപ്പെടുന്നതായാണ് കണ്ടത്.
വയനാട് ജില്ലയിലെ ഒരു കരിങ്കൽ മടയിൽ കല്ല് ശേഖരിക്കുന്നതിന് ഒരു സമയത്ത് എത്തുന്ന ലോറികൾ

       അതിവൃഷ്ടിയെ തുടർന്ന് ഈ സീസണിലുണ്ടായ ഉരുൾപൊട്ടലിൽ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പൊലിഞ്ഞുപോയ മനുഷ്യ ജീവനുകൾ ഖനനമേഖല സൃഷ്ടിച്ച ദുരിതത്തിന്റെ പ്രത്യക്ഷ ഇരകളാണ്. ക്യാമ്പിൽവെച്ച് ആശങ്ക പങ്കുവെച്ച ഓമന തന്റെ ഭൂമിയിൽ ഒഴുകിയിരുന്ന നീർച്ചാലിനെ അവഗണിച്ചത് ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന് സമാനമായ ഇടപെടൽ നടത്തുന്ന ധാരാളം ആളുകളെ കേരളത്തിലെവിടേയും കാണാവുന്നതാണ്. എന്നാൽ ഭാവിതലമുറകളെക്കുറിച്ചോ ആസന്ന ഭാവിയെക്കുറിച്ചോ യാതൊരു വ്യാകുലതയുമില്ലാതെ ക്ഷിപ്രലാഭം മാത്രം മുൻനിർത്തി പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച് അതിസമ്പന്നരായി മാറുന്ന ഒരുകൂട്ടം പേർ സമൂഹത്തിനും സർക്കാരിനും വലിയ ബാധ്യതയാണ് ഉണ്ടാക്കിവെയ്ക്കുന്നത്. കേരളത്തിൽ മണ്ണും കല്ലും കച്ചവടം നടത്തുന്നവരെല്ലാവരും കൂടി 2016-17 സാമ്പത്തിക വർഷം സർക്കാരിലേക്ക് മിനറൽ റവന്യൂ ഇനത്തിൽ അടച്ചിട്ടുള്ള തുക 138.72 കോടി രൂപയാണ്. ഇക്കൂട്ടരുടെ വ്യക്തിഗത ആസ്തികളിൽ ആയിരക്കണക്കിന് കോടിരൂപ പ്രതിവർഷം വർദ്ധിക്കുന്നതായി പ്രഥമദൃഷ്ട്യാ കാണാനാവും. മാത്രമല്ല, ഇവർ പകുത്തുനൽകുന്ന പാരിസ്ഥിതികാഘാതം കൈകാര്യം ചെയ്യുന്നതിന് സമൂഹവും സർക്കാരും ചേർന്ന് വഹിക്കുന്ന സാമ്പത്തിക ബാധ്യത ഇതിലും എത്രയോ ഇരട്ടി വരുന്നതാണ്. ദുരന്ത സാധ്യതകളുടെ വലിയൊരുപങ്ക് ഭാവിതലമുറയ്ക്ക് വേണ്ടി കൂടി അവർ കരുതിവെയ്ക്കുന്നു. 

      ആഗോളതാപനം പ്രദാനം ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗതിവിഗതികളോട് ഏറ്റവും സംവേദനക്ഷമത പ്രകടമാക്കുന്ന താപ ഇടനാഴിയായി കേരളത്തിന്റെ ഭൂഭാഗം മാറുകമാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർക്കിടയിൽ തന്നെ നടത്തിയിട്ടുള്ള വിലയിരുത്തലാണിത്. സ്വാഭാവികമായും കാലാവസ്ഥയുടെ വിപരീത വകഭേദങ്ങളുടെ പാരമ്യതകൾ സൃഷ്ടിക്കുന്ന അപകടം നേരിടേണ്ടിവരുന്ന സാഹചര്യം നാം മുൻകൂട്ടി കാണാതിരിക്കുന്നത് അക്ഷന്തവ്യമാണ്. കൊടും വരൾച്ചകളും ഉഷ്ണവാതങ്ങളും അതിവൃഷ്ടികളും വരും വർഷങ്ങളിൽ യാദൃഛികമാവില്ല. ഭീഷണികൾ ലഘൂകരിക്കുന്നതിനും നേരിടുന്നതിനും ഉതകുന്ന പാക്കേജുകൾ എവിടെയാണ്? ഇപ്പോഴത്തെ പ്രളയത്തിന്റെ കെടുതിയെക്കാൾ കടുത്തതായിരിക്കും വരാനിരിക്കുന്നവയുടെ ഫലം. വൈകിയ വേളയിലും ദുരന്തസാധ്യതകളെ എങ്ങിനെ ലഘൂകരിക്കാം എന്നതിന് ഒരു ദീർഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്ന പ്രക്രിയ അനിവാര്യമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

കേരളത്തിലെ പ്രളയമുഖം നമുക്ക് നൽകുന്ന തിരിച്ചറിവുകൾ

1)       സാംസ്കാരികമായ പരാജയം.
            അതിവൃഷ്ടിയും വരൾച്ചയും കൊണ്ടുവരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ശാസ്ത്രസമൂഹം നടത്തുന്ന ചർച്ചകൾക്ക് പൊതുവേ സ്വീകാര്യത വർദ്ധിച്ചുവരുന്നതായാണ് അനുഭവം. പരിസ്ഥിതി ദുരിതങ്ങൾ അഭിമുഖീകരിക്കുന്നവർക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന അവബോധവും മുന്നേറുകയാണ്. കാർബൺ വിസർജ്ജനം സംബന്ധിച്ച യു.എസ്.എ.യുടെ നിലപാടനോട് യോജിക്കുന്ന രാജ്യങ്ങളോ അന്താരാഷ്ട്ര സംഘടനകളോ കുറവാണ് എന്നതും ശുഭോദർക്കമായ കാര്യമാണ്. എന്നാൽ നവലിബറൽ നയങ്ങളുടെ പ്രലോഭനങ്ങൾ കൊണ്ടാണോ എന്നറിയില്ല  പ്രബുദ്ധകേരളം പാരിസ്ഥിതിക ദുരന്തങ്ങളെ ഭയാശങ്കയോടെ വീക്ഷിക്കുന്നതായി തോന്നുന്നില്ല. UNEP യുടെ ദുരന്തലഘൂകരണ വിഭാഗം തലവനും മലയാളിയുമായ ശ്രീ.മുരളി തുമ്മാരുകുടി ഇത് സംബന്ധിച്ച ചില ആശങ്കകൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയുണ്ടായി. ഒരു വർഷം മുമ്പ് അദ്ദേഹം കേരള നിയമസഭയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാവുന്ന ദുരന്ത സാധ്യതകളെ സംബന്ധിച്ച് നടത്തിയ പ്രഭാഷണത്തിന് കാര്യമായ പ്രതികരണം ലഭിക്കാതെപോയി എന്ന് വിലയിരുത്തുന്നു. ഭാവിയിൽ ദുരന്ത നിവാരണത്തിന് കേരളത്തിൽ വരേണ്ടി വന്നാൽ അത് തന്റെ പ്രൊഫഷണൽ പരാജയമായാണ് ഭവിക്കുക എന്നും പറഞ്ഞുവെച്ചിരിക്കുന്നു.
            പുതിയ കാലം വ്യക്തികളിൽ അവിവേകം കൊണ്ട് പ്രചോദിതമായ അതിമോഹത്തെയാണ് ഊട്ടിവളർത്തുന്നത്. താല്കാലിക നേട്ടങ്ങൾക്കാണ് പ്രമുഖ്യം. സുസ്ഥിര ജീവിത ശൈലി ആർക്കും വഴങ്ങുന്നില്ല. സാമ്പത്തിക നീതിയും സമത്വവും പഴഞ്ചൻ സങ്കല്പങ്ങളുടെ പട്ടികയിലാണ്. അനീതികളോടുള്ള പ്രതികരണത്തിന് മൂർച്ചയില്ല. മാനുഷികമൂല്യങ്ങൾക്ക് ചേതനയില്ല. വിപണിവാഴ്ചയുടെ കേദാരങ്ങളാണ് മനഷ്യമനസ്സുകൾ. പൊതുരംഗത്ത് വൈകാരികമായ ഇടപെടലുകളെക്കാൾ സ്ഥായീഭാവം സ്വപ്നം കാണാനുള്ള അവധാനത പ്രകടിപ്പിക്കുന്ന യുവത ദൃശ്യമല്ല. ജീവകാരുണ്യ പ്രവർത്തനം പോലെതന്നെ പ്രധാനമാണ് ദുരിതങ്ങൾ രൂപപ്പെടുന്നത് ഫലപ്രദമായി ചെറുക്കുന്നതിനുള്ള ഇച്ഛാശക്തി പ്രകടമാകുന്ന പ്രവർത്തനവും.
2)     പാരിസ്ഥിതികമായ അജ്ഞത
            കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികൾ ഉയർന്ന തോതിലുള്ള പാരിസ്ഥിതിക സംവേദനക്ഷമതയ്ക്ക് ഇടയാക്കുന്നു. ഒരു വികസനപദ്ധതിയുടെ സുസ്ഥിരത കൈവരിയ്ക്കാനുള്ള ശേഷി അതുകൊണ്ടുതന്നെ പാരിസ്ഥിതികാഘാതങ്ങളുടെ പരിഹാരക്രിയകൾ എത്രമാത്രം ഫലപ്രദമാകുമെന്ന ഘടകത്തെക്കൂടി ആശ്രയിച്ചായിരിക്കും. ഇപ്പോഴത്തെ പ്രളയത്തിന്റെ മൂലകാരണങ്ങൾ പരിശോധിച്ചാൽ നമുക്കിടയിൽ എന്തുമാത്രം അജ്ഞത കടന്നുകൂടിയിട്ടുണ്ടെന്ന് വ്യക്തമാകും: ഒന്നാമതായി, അണക്കെട്ടുകളിലെ ജലപരിപാലനത്തിൽ സംഭവിച്ച വകതിരിവില്ലായ്മയാണ്. തെക്കുപടിഞ്ഞാറൻ മഴ കാലേക്കൂട്ടി ആരംഭിച്ചതിനാൽ അണക്കെട്ടുകൾ പതിവിലും നേരത്തെ പരമാവധി സംഭരണശേഷി കൈവരിച്ചു. ഇടമുറിയാതെ മഴപെയ്തതോടെ നദീമാർഗ്ഗങ്ങളിൽ മുഴുവൻ ജലനിരപ്പ് ഉയരുകയായിരുന്നു. അണക്കെട്ടുകളിലെ വെള്ളം കൂടി തുറന്നുവിട്ട് ഒന്നാംതരം വെള്ളപ്പൊക്കം ഒരുക്കിയെടുക്കുകയാണ് ഉണ്ടായത്. ആലപ്പുഴ പോലെ സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ജില്ലകളിൽ മാത്രമല്ല കൂടിയപങ്കും മലനാടിന്റെ ഭാഗമായിട്ടുള്ള പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളെപ്പോലും ഈ പ്രതിഭാസം കീഴടക്കുകയായിരുന്നു. രണ്ടാമതായി, വെള്ളപ്പൊക്കത്തെ തുടർന്നല്ലാതെ കുടിയൊഴിയേണ്ടതായും ജീവത്യാഗം ചെയ്യേണ്ടതായും വന്നവരുടെ പ്രശ്നങ്ങളാണ്. കുന്നുകളിൽ അനിയന്ത്രിതമായ മാനുഷിക ഇടപെടലുകൾ നടന്നതിന് പ്രകൃതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നവരാണവർ. അവരുടെ വീടുകൾ മലയുടെ മണ്ടയിൽ നിന്ന് ഇടിഞ്ഞു വീഴുന്ന മണ്ണ് വിഴുങ്ങിക്കളയാത്ത സുരക്ഷിത സ്ഥാനങ്ങളിലേക്ക് പറിച്ചുനടാത്തിടത്തോളം കാലം സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല. മൂന്നാമതായി, മണ്ണൊലിപ്പിന്റെ ഭീകരമുഖമാണ് ജലം ഇറങ്ങിക്കഴിഞ്ഞ ഭാഗങ്ങളിലെല്ലാം തെളിഞ്ഞുവന്നത്. ജൈവസമ്പുഷ്ടമായ മേൽമണ്ണ് കനത്തമഴയേറ്റ് പൂർണ്ണമായും തൂത്തുവാരി മാറ്റപ്പെടുകയാണ് ഉണ്ടായത്. ഇതുമുലം കാർഷിക സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്താവുന്ന പരിധിയ്ക്ക് അപ്പുറമാണ്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിലെ ഗൌരവക്കുറവും അവഗണനയുമാണ് തൽസ്ഥല ജല സംരക്ഷണത്തേയും വെള്ളപ്പൊക്ക നിയന്ത്രണത്തേയും ഹാനികരമായി ബാധിച്ചത്. അവസാനമായി, പാഴ് വസ്തുക്കൾ പെരുകി വരുകയും അവയുടെ പരിപാലനത്തിൽ ശാസ്ത്രീയ സമീപനം അവലംബിക്കുന്ന ശീലം വളർന്നുവരുന്നതിൽ ജഡത്വം നിലനിൽക്കുകയും ചെയ്യുന്നത് മനുഷ്യനെന്നല്ല സകല ജീവജാലങ്ങൾക്കും നിലനില്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ശക്തിപ്പെട്ടുവരുന്നതിന് ഹേതുവായിട്ടുണ്ട്. 
3)     പശ്ചാത്തല സൌകര്യങ്ങളുടെ നാശം.
            റോഡ്-റെയിൽ-വ്യോമ-ജല മാർഗ്ഗങ്ങളെല്ലാം തടസ്സപ്പെടുകയും ഇത്രത്തോളം വ്യാപ്തിയുള്ള നാശത്തിന് ഇടയാകുകയും ചെയ്തിട്ടുള്ളത് കേരളത്തിന്റെ ചരിത്രത്തിൽ ഇദംപ്രഥമമായിരിക്കും. വെള്ളപ്പൊക്ക തീവ്രത കൂടിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും വാർത്താവിനിമയ ബന്ധങ്ങളും തകരാറിലായി. കമ്പോളങ്ങൾ നിർജ്ജീവമായി. കുടിവെള്ള വിതരണ സംവിധാനങ്ങൾ തീർത്തും ഉപയോഗശൂന്യമായി. പരമ്പരാഗതമായി വീടുകളിൽ ഉണ്ടായിരുന്ന കിണറുകളും മറ്റും പൊതു സംവിധാനത്തിന്റെ ഭാഗമായി പ്രാബല്യത്തിൽവന്ന കേന്ദ്രീകൃത ജലവിതരണത്തിന് കീഴടങ്ങിയതിന്റെ ഫലമായി ഉപേക്ഷിക്കപ്പെടുകയും മാലിന്യങ്ങളുടേയും കൊതുകിന്റേയും കേന്ദ്രമായി മാറുകയും ചെയ്തു. വറ്റാത്ത കിണറുകൾ മുഴുവൻ ശരിയാംവണ്ണം പരിപാലിക്കപ്പെട്ടാൽ തന്നെ അടിയന്ത ഘട്ടങ്ങളിൽ ടാങ്കറുകളിൽ വെള്ളം കടത്തി ശുദ്ധജലക്ഷാമം നേരിടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകും.
4)     ആരോഗ്യ ശുചിത്വ പ്രശ്നങ്ങൾ
            പേമാരിയും രോഗബാധയും അഭേദ്യബന്ധം പുലർത്തിവരുന്നു. മലയാളിയുടെ ശുചിത്വ ശീലത്തിൽ കണ്ടുവരുന്ന വൈകല്യമാണ് പ്രശ്നത്തിന്റെ മൂലകാരണം. അപക്വമായ ഉപഭോഗ രീതി, വിഭവ ദുർവ്യയം, ഭക്ഷണക്രമത്തിലെ അശാസ്ത്രീയത എന്നിവയൊക്കെ പൊതുയിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിൽ പ്രതിഫലിക്കുന്നു. വെള്ളപ്പൊക്കം മൂലം നിരത്തുകളിലും ആവാസമേഖലകളിലും നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ വാരി നിക്ഷേപിച്ചത് മിക്കയിടങ്ങളിലും ജലസ്രോതസ്സുകളിലേക്ക് തന്നെ ആയിരുന്നു. അതാണ് മാലിന്യ നിർമ്മാർജ്ജനത്തിന്റെ മലയാളി മാതൃക. തോടുകളിലും പാലങ്ങളിലും മാലിന്യങ്ങൾ അടിഞ്ഞാണ് ഒഴുക്കിന് വഴിമാറേണ്ടിവന്നതും വെള്ളപ്പൊക്കത്തിനിടയാക്കിയതും എന്ന വിവരം ക്ഷണനേരം കൊണ്ട് വിസ്മരിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണിത്. മാലിന്യത്തോടൊപ്പം ജലത്തിൽ കലരുന്ന ജൈവ-രാസ-ലോഹ മാലിന്യങ്ങൾ കുടിവെള്ളസ്രോതസ്സുകളിലേക്കാണ് ചെന്നുചേരുക. പ്രത്യാഘാതങ്ങളുടെ ഗൌരവവും ആയുസ്സും എന്തെന്ന് മനസ്സിലാക്കുവാനുള്ള വിജ്ഞാനം നമുക്കില്ലാതെ പോകുന്നു. പ്രളയം അവസാനിച്ചെന്ന് ആശ്വസിക്കുമ്പോഴും അതിന്റെ സ്വാധീനം മൂലം ഉണ്ടാവാനിടയുള്ള മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക അയത്നലളിതമല്ല.
            ഹരിതകേരളം മിഷന്റെ ഭാഗമായി തുടങ്ങാൻ ആഗ്രഹിച്ച ശാസ്ത്രീയ മാലിന്യ പരിപാലനം, ജൈവകൃഷി പ്രോത്സാഹനം, ജലസംരക്ഷണം എന്നിവയ്ക്കെല്ലാം പ്രളയം തിരിച്ചടിയായി. ദുരിതാശ്വാസക്യാമ്പുകൾ ശുചിത്വ കാമ്പയിന്റെ ഭാഗമായി നിയന്ത്രിച്ചുനിർത്തിയിരുന്ന വാട്ടർ ബോട്ടിലുകളുടേയും ഡിസ്പോസിബിൾ ഉരുപ്പടികളുടേയും അമിതമായ ഉപയോഗത്തിന് വേദിയായി. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ പൊതു സ്ഥലങ്ങളിൽ ഒന്നാകെ നിക്ഷേപിക്കാൻ പാടില്ല എന്ന വിലക്കിനെ എത്രമാത്രം പരിഹാസ്യമായാണ് ലംഘിച്ചത്! ക്യാമ്പിലെ ഓമനയോടും അയൽവാസികളോടും പ്ലാസ്റ്റിക്ക് പ്ലേറ്റിനും ഗ്ലാസിനും പകരം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ കൊണ്ടുവരുന്നതിന് നിർദ്ദേശിച്ചപ്പോഴാണ് ഒട്ടും വിമുഖത കാണിക്കാതെ എല്ലാവർക്കുമുള്ള സാധനങ്ങൾ എത്തിയത്. കാലേകൂട്ടി വീട് വിട്ട് ഇറങ്ങിയവർക്ക് അത്യാവശ്യത്തിന് ഭക്ഷണം കഴിക്കുന്നതിനും മറ്റുമുള്ള സാമഗ്രികൾ കരുതുന്നതിന് ചെറിയൊരു ശ്രദ്ധ മതിയായിരുന്നു. പ്രളയത്തിനിടയിൽ ഭൂമിയുടെ കുപ്പവാഹക ശേഷിയെക്കുറിച്ച് വേവലാതിപ്പെടാനാവുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് നമ്മുടെ ശീലം എന്ത് എന്നതിനെ അടിസ്ഥാനമാക്കിയാണ്.
5)     സാമ്പത്തിക വികസന ബാധ്യതകൾ
     പ്രളയക്കെടുതി തരണം ചെയ്യുവാൻ സമയമെടുക്കും. പൊതുനഷ്ടവും വ്യക്തിഗത നഷ്ടങ്ങളും സംബന്ധിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കുവാൻ മാസങ്ങൾ തന്നെ വേണ്ടിവരും. കേരളത്തിന്റെ 2018-19 വാർഷിക പദ്ധതി അടങ്കൽ ഏകദേശം 37000 കോടി രൂപയുടേതാണ്. ഏതാണ്ട് ഇത്രത്തോളം തന്നെയായിരിക്കും ഇപ്പോഴത്തെ പ്രളയും വരുത്തിവെച്ച നഷ്ടവും. സമ്പത്തുല്പാദന മേഖലയെ തിരിച്ചുപിടിയ്ക്കുവാൻ പുതിയ ആസൂത്രണവും പരിപാടികളും മൂലധന നിക്ഷേപങ്ങളും ആവശ്യമാണ്. ദീർഘകാല വായ്പകൾ, സഹായങ്ങൾ, സന്നദ്ധ-സാങ്കേതിക സേവനങ്ങൾ എന്നുതുടങ്ങി വിപുലമായ ഒരു സമാഹരണം നടത്തുകയാണ് കരണീയം.
പ്രളയകാലത്ത് പത്ത് പന്ത്രണ്ട് ലക്ഷം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇതിൽ തീരെ ചെറിയൊരു ശതമാനം പേർ മാത്രമെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ക്യാമ്പിലെത്തിയവരായിട്ടുള്ളു. ബഹുഭൂരിപക്ഷം പേരും ജലനിരപ്പ് ഉയർന്നതുമൂലം വീടുകളിൽ വെള്ളം കയറി താമസം മാറ്റേണ്ടി വന്നവരാണ്. ഭാവിയിലും അതിവൃഷ്ടി ആവർത്തിച്ചാൽ ഇവരുടെ കാര്യത്തിൽ കടുത്ത പ്രയാസങ്ങൾ നേരിടേണ്ടിവരും. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരെ മുഴുവൻ സുരക്ഷിത സ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കുന്നതിന് നമ്മുടെ സാമ്പത്തിക സ്ഥിതി പര്യാപ്തമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണനങ്ങൾ കേരളത്തെ എത്രമാത്രം പിടികൂടുമെന്ന് ഒട്ടും ശുഭോദർക്കമല്ലാത്ത പ്രവചനങ്ങളാണ് വരുന്നത്. ഭാവിയിൽ വാസഗൃഹമേഖലകൾ ആവിഷ്കരിക്കുമ്പോൾ കൂടുതൽ സുരക്ഷിത സ്ഥാനങ്ങൾ തെരഞ്ഞെടുക്കുകയായിരിക്കും അഭികാമ്യം. വെള്ളക്കെട്ടുള്ള ഭൂമിയിൽ തണ്ണീർത്തട നിയമത്തിന്റെ നൂലാമാലകൾ താണ്ടി വീട് നിർമ്മിച്ചാലും ഇത്തരം ഭീഷണികളെ അതിജീവിക്കുവാൻ എന്ത് പ്രായോഗിക മാർഗ്ഗമാണ് മുന്നിലുള്ളത്?  

ഉപസംഹാരം
            കാലാവസ്ഥയുടെ ആഘാതങ്ങളെ പ്രതിരോധിക്കുക എന്നത് പ്രാദേശിക ഇടപെടൽ വഴി സാധ്യമാകുന്നതല്ല. ആഗോളതാപനത്തിന്റെ ഉത്തരവാദിത്തം ആവശ്യങ്ങൾക്കുപരി ആഡംബരത്തിനും ആർത്തിയടക്കുന്നതിനുമായി കണക്കറ്റ് വിഭവങ്ങൾ ഉപയോഗിച്ച് തീർക്കുന്നവർക്കാണ്. അവരത് തുടരുക തന്നെ ചെയ്യുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ദുരിതങ്ങൾ സ്വരുക്കൂട്ടുന്നത് ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങൾക്ക് നല്കാനാണ്. സമ്പത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട നിർദ്ധാരണത്തിന് ഉതകുന്ന സൂത്രവാക്യങ്ങൾ പ്രായോഗതലത്തിൽ കണ്ടെടുക്കാനാവുന്നില്ല. അനീതിക്കെതിരായ ആശയസമരങ്ങൾ മാത്രമാണ് നടക്കുന്നത്. പക്ഷേ അതിനൊരു പര്യവസാനം എപ്പോഴാണെന്നത് പ്രവചനാതീതവുമാണ്. നാം ഏറ്റുവാങ്ങുന്ന പ്രതിസന്ധികൾ ഇച്ഛാശക്തിയുടെ ബലത്തിൽ തരണം ചെയ്യപ്പെട്ടേക്കാം. എന്നാൽ നാം ഏർപ്പെട്ടിരിക്കുന്നത് രോഗത്തിന്റെ കാരണങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളിലല്ല എന്ന ഓർമ്മയുണ്ടാവണം. രോഗം വന്നതിനുശേഷമുള്ള ചികിത്സ ഇനി വരാതിരിക്കുമെന്നുള്ളതിന് ഗ്യാരണ്ടി നൽകുന്നതല്ല. പ്രതിരോധമാണ് കൂടുതൽ ആവശ്യമുള്ളത്. പരിസ്ഥിതിയുടെ പ്രകോപനത്തെ ലഘൂകരിക്കുവാൻ ആവതൊക്കെ ചെയ്യുക എന്നതാവണം പ്രതിരോധത്തിന്റെ കാതൽ. മുല്യബോധവും നിശ്ചയദാർഢ്യവുമുള്ള ഒരു ജനതയ്ക്ക് അത് സാധിക്കും.

- സി.നാരായണൻകുട്ടി, 9446042381.





Comments